Monday 8 December 2014

ഡിസംബര്‍ പത്തിന് മനുഷ്യാവകാശ പ്രതിജ്ഞ


ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. രാവിലെ 11 മണിക്കാണ് പ്രതിജ്ഞാ ചടങ്ങ്. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ബോധവത്കരണ സന്ദേശം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് കൈമാറുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മുഴുവന്‍ ജീവനക്കാരും പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ചീഫ് എക്‌സിക്യൂട്ടീവ്മാര്‍ എന്നിവരാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കേണ്ടത്. പ്രതിജ്ഞ ചുവടെ. 

      ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ള വനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment