Wednesday 6 August 2014

ഇന്ന് ഹിരോഷിമ ദിനം

                                                            ഇന്ന് ഹിരോഷിമ ദിനം

ഹിരോഷിമ ദുരന്തത്തിന്​ ഇന്ന് 69 വയസ്സ്. 1945 ല്‍ ഇതേ ദിവസമാണ്​ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ആദ്യത്തെ അണുബോംബ്​ ആക്രമണം നടത്തിയത്​. പിന്നീട്​ ആഗസ്ത് 9 ന്​ നാഗസാക്കിയിലും അമേരിക്കന്‍ സൈന്യം ക്രൂരത ആവര്‍ത്തിച്ചു.
ലിറ്റില്‍ ബോയ്... വിനാശത്തിന്‍റെ ഈ പര്യായ പദം അമേരിക്ക എ‍ഴുതിച്ചേര്‍ത്തിട്ട് ഇന്ന് 69 വര്‍ഷം തികയുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നര ലക്ഷത്തിലധികം വരുന്ന നിരപരാധികള്‍ക്കുമേല്‍ വന്നു പതിച്ച അണുബോംബിന്‍റെ ദുരിതം അവിടുത്തെ തലമുറകളെ മു‍ഴുവന്‍ വി‍ഴുങ്ങി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിലാണ്​ അമേരിക്ക അണുബോംബ്​ പദ്ധതി തയ്യാറാക്കുന്നത്​. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്​ പകരം വീട്ടാനായി മെനഞ്ഞ പദ്ധതി പക്ഷേ അമേരിക്കയെ ലോകത്തിന്റെ മുന്നില്‍ ദുരന്തത്തിന്റെ വക്താക്കളാക്കി. എനോള ഗയ്​ എന്ന യുദ്ധവിമാനത്തില്‍ നിന്ന് ആഗസ്ത് ആറിന്​ പ്രാദേശിക സമയം 8.15ഓടെയാണ്​ ഹിരോഷിമയെ ചാരക്കൂമ്പാരമാക്കിക്കൊണ്ട് ലിറ്റില്‍ ബോയ്​ വന്ന് പതിച്ചത്​. അണുവികിരണമേറ്റ്​ മരിച്ചത്​ ഒന്നരലക്ഷം പേര്‍. അതിജീവിച്ചവരിലൂടെ ജനിതകവൈകല്യങ്ങള്‍ തലമുറകളിലേക്കും പകര്‍ന്നു. ഇന്നും മഹാദുരന്തത്തിന്‍റെ അവശേഷിപ്പുകളുണ്ട്.
തകര്‍ന്ന ഹിരോഷിമ പിന്നീട്​ അണ്വായുധ വിരുദ്ധ സന്ദേശങ്ങളുടെ മുഖചിത്രമായി. ആഗസ്ത് ഒമ്പതിന്​ നാഗസാക്കിയിലും അമേരിക്ക ബോംബിട്ടതോടെ ജപ്പാന്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ക‍ഴിഞ്ഞ ദിവസം അന്തരിച്ച തിയോഡര്‍ വാന്‍ വ്രിക്​ അടക്കം ഹിരോഷിമയില്‍ കയ്യബദ്ധം പറ്റിയെന്ന് വിലപിച്ചവരുണ്ട്. പക്ഷെ വൈകിപ്പോയെന്ന് മാത്രം..

No comments:

Post a Comment